alternatetext

‘പൂന്താനത്തിന്റെ ഭക്തിയാണെനിക്ക് ഇഷ്ട്ടം’

പൂന്താനത്തിന്റെ ഭക്തിയാണെനിക്ക് ഇഷ്ട്ടം
alternatetext

ശ്രീകഷ്ണ ഭക്തനായ പൂന്താനം തിരുമേനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ തൊഴാനായി പോയാല്‍ കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.

അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു. ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃ‌ഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന് ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നതത്രേ.

പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി.

ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം “രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു” എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി “എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?” എന്നു ചോദിച്ചു.

അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു. “എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു.” കണ്ണന്റെ ഈ ഉത്തരം അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂതിരി പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു.

അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട് അത്ഭുതപ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട്‌ പറഞ്ഞു: ” ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ടെന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്. നമ്മുടെ ഇല്ലത്ത്‌ ‌ ‘ഭാഗവതസപ്താഹം ‘ നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..

ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ്‌ ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം. ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക്‌ അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ മനസ്സ്‌ വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

”സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച്‌ വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.”
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.

” അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങയ്ക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി” ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ’ കേട്ടീട്ടില്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി.

കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു.

പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ. അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി. വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.

”ഇന്ന്‌ ഇല്ലത്ത്‌ ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്….. ” തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നി പറയുന്നതുകേട്ട്‌ പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ”ഭഗവാനേ എന്തൊരു പരീക്ഷണമാണ്‌.” ഇങ്ങനെ കരഞ്ഞ്‌ ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക്‌ എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.

”പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയിട്ടുണ്ട്. അങ്ങ് പത്നീസമേതനായി വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. ” അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി. വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും, പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി.

പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു. പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പൂന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു.

അന്ന്‌ രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു. പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥാനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും.

മഹാദേവന്‍ പറഞ്ഞു:”പൂന്താനം, ഭാഗവത സപ്താഹം അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ.”
ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍. കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു.
“എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. “ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.