കേരളീയ മഹാക്ഷേത്രങ്ങള് പഞ്ച പ്രാകാരങ്ങളോടു കൂടിയവയായിരിക്കും. ശ്രീകോവിലിനു പുറത്തായി അകത്തെ ബലിവട്ടം, അന്തഹാര അഥവാ ചുറ്റമ്പലം അഥവാ നാലമ്പലം. മധ്യഹാര അഥവാ വിളക്കുമാടം, പുറത്തെ ബലിവട്ടം, മര്യാദ അഥവാ പുറംമതില് എന്നിവയാണ് പഞ്ചപ്രാകാരങ്ങള്.
മഹാക്ഷേത്രങ്ങള്ക്കാണ് ഇതുപോലെ പഞ്ചപ്രാകാരങ്ങള് കാണപ്പെടുക.
ക്ഷേത്രത്തിലെ ഏറ്റവും പ്രധാനവും പവിത്രവുമായ ഭാഗം ശ്രീകോവിലും അതിനുള്ളിലുള്ള ഗര്ഭഗൃഹവും. സമചതുരം, ദീര്ഘചതുരം, വൃത്തം, അണ്ഡവൃത്തം, ഗജപൃഷ്ഠം തുടങ്ങിയ ആകൃതികളിലുള്ള ശ്രീകോവിലുകളാണ് കേരളത്തിലുള്ളത്. ഉയരമുള്ള ഒരു അധിഷ്ഠാനത്തിലായിരിക്കും ശ്രീകോവിലിന്റെ നിര്മ്മിതി.അന്തര്മണ്ഡലത്തില്നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം.

നേരിട്ട് ശ്രീകോവിലില് കയറാവുന്ന വിധത്തിലും ശ്രീകോവിലിന്റെ മുമ്പില് ഇരു പാര്ശ്വങ്ങളില്നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. അഭിഷേകജലം ഒഴുകിപ്പോകാനുള്ള ഓവ് ശ്രീകോവിലിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ശ്രീകോവില് ചുവര് ദാരുശില്പങ്ങള്കൊണ്ടോ ചുവര്ചിത്രങ്ങളാലോ അലങ്കരിക്കുന്നതിന് കേരളീയക്ഷേത്രകല അതീവപ്രാധാന്യം കല്പിച്ചിരുന്നു.

വിടര്ന്ന താമര, കലശം, തണ്ട്, മൊട്ട് എന്നിവയുടെ സമന്വയമായ താഴികക്കുടങ്ങളാണ് ശ്രീകോവിലിന്റെ ഏറ്റവും ഉയര്ന്ന ഭാഗം. അന്തര് മണ്ഡപത്തില് ശ്രീകോവിലിനു ചുറ്റുമായി അഷ്ടദിക്പാലകര്, ഊര്ദ്ധ്വദിക്കിന്റെ അധിപനായ ബ്രഹ്മാവ്, അധോദിക്കിന്റെ അധിപനായ അനന്തന്, സപ്തമാതൃക്കള്, ശാസ്താവ്, ദുര്ഗ്ഗ, സുബ്രഹ്മണ്യന്, കുബേരന്, നിര്മ്മാല്യധാരി എന്നിവര്ക്ക് ബലിപീഠങ്ങളുണ്ടാവും.

ഗണപതിയുടെയും വീരഭദ്രന്റെയും ബലിപീഠങ്ങള് സപ്തമാതൃക്കളോടൊപ്പമാണ് നിര്മ്മിച്ചു പ്രതിഷ്ഠിക്കുക. ശ്രീകോവിലിനു മുന്നില് അതില്നിന്നും വേര്പ്പെട്ട് നമസ്കാര മണ്ഡപം സ്ഥിതിചെയ്യുന്നു. പുരോഹിതന്മാര് ക്കും ബ്രാഹ്മണര്ക്കും നമസ്കാരത്തിനും മന്ത്രജപത്തിനും ഉത്സവത്തോടനുബന്ധിച്ചുള്ള കലശങ്ങള്ക്കും മറ്റുമായാണ് ഈ മണ്ഡപം .

ഇവയുടെ മച്ചില് അഷ്ടദിക്പാലകരുടെയും നവഗ്രഹങ്ങളുടെയോ ശില്പങ്ങള് ആലേഖനം ചെയ്യാറുണ്ട്. അന്തര് മണ്ഡപത്തിലെ പ്രദക്ഷിണപഥത്തിനു പുറത്താണ് നാലമ്പലം അഥവാ ചുറ്റമ്പലം സ്ഥിതിചെയ്യുന്നത്. തിടപ്പള്ളി, കലവറ എന്നിവ ഇതിന്റെ ഭാഗങ്ങാണ്.

കൂത്ത്, പാഠകം തുടങ്ങിയ ക്ഷേത്രകലകള് അവതരിപ്പിക്കുന്നതിനുള്ള മണ്ഡപങ്ങള് ചുറ്റമ്പലത്തിന്റെ ഭാഗമായി പ്രവേശനദ്വാരത്തിന് ഇരുവശവും സജ്ജീകരിച്ചിരിക്കും. പുറത്തെ ബലിവട്ടത്തിന്റെ ഭാഗങ്ങളാണ് വലിയബലിക്കല്പ്പുര, ധ്വജസ്തംഭം, പുറത്തെ പ്രദക്ഷിണവീഥി, ക്ഷേത്രപാലകന്, കൂത്തമ്പലം, ഉപദേവതകള് തുടങ്ങിയവ. വലിയ ബലിക്കല്ലും പുറത്തെ ബലിവട്ടവും ദേവന്റെ അരക്കെട്ടായി കരുതിവരുന്നു.

ബലിക്കല്പ്പുരയ്ക്കും ആനക്കൊട്ടിലിനുമിടയ്ക്കാണ് കൊടിമരം സ്ഥിതിചെയ്യുന്നത്. ഇത് ദേവന്റെ സൂക്ഷ്മശരീരത്തിലെ കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. ധ്വജത്തിന്റെ ആധാരശില മൂലാധാരത്തെയും അഗ്രം സഹസ്രാരപത്മത്തെയും പ്രതിനിധാനം ചെയ്യുന്നു. ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങള്കൊണ്ടും സ്വര്ണം, വെള്ളി തുടങ്ങിയവ പൂശിയും ധ്വജം നിര്മ്മിക്കാറുണ്ട്.

ശിവന് കാള, ഭഗവതിക്ക് സിംഹം, വിഷ്ണുവിന് ഗരുഡന്, ഗണപതിക്ക് മൂഷികന്, സുബ്രഹ്മണ്യന് മയില്, അയ്യപ്പന് കുതിര, ഭദ്രകാളിക്ക് വേതാളം എന്നിവയാണ് വാഹനങ്ങള്. ദേവദര്ശനത്തിനു സന്ദര്ഭം ലഭിക്കാത്തപ്പോള് ധ്വജസ്തംഭത്തിലെ ദേവവാഹനത്തെ തൊഴുതുവന്ദിച്ചാലും ദേവദര്ശനഫലം സിദ്ധിക്കും എന്നാണ് വിശ്വാസം.