alternatetext

ആചാരങ്ങളുടെ വിലക്ക് ആചാരലംഘനത്തിനു തുല്യമെന്നു പന്തളം കൊട്ടാരം

alternatetext

ശ്യാമളാലയം  ഗോപാലകൃഷ്ണൻ നായർ 

പന്തളം: ആചാരങ്ങളനുഷ്ഠിക്കുന്നതിനു നിയന്ത്രണവും വിലക്കുമേര്‍പ്പെടുത്തുന്നതിലൂടെ ഭക്തരെ ആചാരലംഘനത്തിനു നിര്‍ബ്ബന്ധിക്കുകയാണെന്നു പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി എന്‍. നാരായണവര്‍മ്മ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ആത്മാവാണ് ആചാരാനുഷ്ഠാനങ്ങള്‍. തന്നെ കാണുവാന്‍ ശബരിമലയിലെത്തുന്നവര്‍ക്കായി ഭഗവാന്‍ അയ്യപ്പന്‍ തന്നെ ഉപദേശിച്ചതാണ് അവിടുത്തെ അനുഷ്ഠാന വിധികള്‍.

അതനുസരിച്ചാണു നൂറ്റാണ്ടുകളായി ശബരിമല തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വിലക്കും നിയന്ത്രണങ്ങളുമേര്‍പ്പെടുത്തുന്നതിലൂടെ തീര്‍ത്ഥാടനത്തിന്റെ അന്തസത്തതന്നെ ഇല്ലാതാകുകയാണ്.

പമ്പാസ്‌നാനം, പിതൃതര്‍പ്പണ കര്‍മ്മങ്ങള്‍, പമ്പാ സദ്യ, പമ്പ വിളക്ക്, ഗുരുദക്ഷിണ, വിരിവെച്ചുള്ള ഭജന, കര്‍പ്പൂരാഴി, നെയ്യഭിഷേകം,ഭവയെല്ലാം നടത്തി വേണം ഭക്തര്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കേണ്ടത്. ഈ ആചാരങ്ങള്‍ പാലിക്കാതെയുള്ള ശബരീശ ദര്‍ശനത്തിലൂടെ ഭക്തര്‍ക്ക് ആത്മസംതൃപ്തിയോ ആത്മനിര്‍വൃതിയോ ലഭിക്കില്ല.

നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന ആചാരങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്വം ക്ഷേത്ര നടത്തിപ്പുകാരായ ദേവസ്വം ബോര്‍ഡിനുണ്ട്. അവര്‍ തന്നെ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതു ഭക്തര്‍ക്ക് ആശങ്കയും വേദനയുമാണുണ്ടാക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനം കാരണം തീര്‍ത്ഥാടനത്തിന്റെ കാതലായ ആചാരങ്ങള്‍ക്കുള്ള വിലക്കുകളില്‍ ഇളവു നല്‍കാന്‍ കഴിയില്ലെങ്കില്‍, ആചാരങ്ങള്‍ പാലിച്ചുള്ള തീര്‍ത്ഥാടനം സാധിക്കുന്ന കാലം വരെ ഭക്തര്‍ സ്വന്തം ഭവനത്തെ സന്നിധാനമാക്കി വ്രതാനുഷ്ഠാനങ്ങളോടെ ഭഗവാനെ പ്രാര്‍ത്ഥിക്കണം. ലോകമാകെ വ്യാപിച്ചിട്ടുള്ള മഹാമാരിയില്‍ നിന്നു മുക്തി ലഭിക്കുവാന്‍ ഒരുമിച്ചു ഭഗവാനോടു പ്രാര്‍ത്ഥിക്കാമെന്നും പന്തളം കൊട്ടാരം പറഞ്ഞു.