കേരളം മുഴുവൻ നാഗങ്ങൾ നിറഞ്ഞ കാടായിരുന്നു എന്നുള്ള ഒരൈതിഹ്യം ഇന്നും സജീവമായിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം നിലവിലുള്ള കാടുപിടിച്ചുകിടക്കുന്ന ഭീതിയുണ൪ത്തുന്ന നാഗക്കാവുകൾ കേവലം ഒരു വിഭാഗത്തിന്റെ ആരാധനാസങ്കേതം മാത്രമല്ല, പാരിസ്ഥിതികമായ സന്തുലനാവസ്ഥ നിലനി൪ത്തുന്നതിൽ ഏറേ പങ്കുവഹിക്കുന്നുണ്ടെന്നുള്ളതും ഇന്നേവ൪ക്കും അറിയാവുന്നതാണ്. പ്രകൃതി കേവലം മനുഷ്യനുമാത്രം ഉപയോഗിക്കുവാനുള്ള ഒരു ഉപഭോഗവസ്തു മാത്രമാണെന്നുള്ള തെറ്റായ ധാരണയിൽനിന്ന് ഉടലെടുക്കുന്ന പ്രകൃതിവിരുദ്ധപ്രവൃത്തികൾ നമ്മുടെ അന്തരീക്ഷത്തെ ഇന്നേറെ കലുഷമാക്കിയിരിക്കുന്നു. എന്നാൽ നമ്മുടെ ആവാസവ്യവസ്ഥയിലുള്ള ഓരോ ജീവജാലത്തിനും അതിന്റേതായ പ്രാധാന്യവും പെരുമാറാനുള്ള പരിസരവുമുണ്ടെന്നുതിരിച്ചറിഞ്ഞ മഹാമനീഷികളാൽ ലോകനന്മക്കായി വിഭാവനം ചെയ്യപ്പെട്ടതാണ് കാവുകളും കാടുപിടിച്ച മറ്റാരാധനാ കേന്ദ്രങ്ങളും. ഈ ദൃഷ്ടിയിൽ നാഗക്കാവുകൾക്ക് ഇന്നേറെ പ്രസക്തിയുണ്ട്. താന്ത്രികസിദ്ധാന്തമനുസരിച്ച് നാഗം സൂക്ഷ്മശരീരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. ഈ കുണ്ഡലിനീശക്തി ഉണ൪ന്ന് സഹസ്രാരത്തിലെ ശിവനുമായി മേളിക്കുമ്പോളാണ് ഒരാൾക്ക് ശിവനാണെന്നുള്ള തിരിച്ചറിവ് പൂ൪ണ്ണമായുണ്ടാകുന്നതും അലൌകികമായ ആനന്ദാനുഭൂതിയുണ്ടാകുന്നതും. ഈ ദൃഷ്ടിയിലും നാഗങ്ങൾ നമ്മുടെയെല്ലാം ഉള്ളിലുറങ്ങിക്കിടക്കുന്ന അനന്തമായ പ്രാപഞ്ചികശക്തിയുടെ പ്രതിരൂപങ്ങളാണ്.
പ്രതിഷ്ഠ
വൃത്താകൃയിലുള്ള നാഗത്തറയിൽ അഷ്ടനാഗങ്ങളുടെ സദസ്സിൽ മദ്ധ്യത്തിൽ ശിവൻ കുടികൊള്ളുന്നരൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. അഷ്ടനാഗബിംബങ്ങൾ ഓരോന്നും പ്രത്യേക ആയുധങ്ങളും ചിഹ്നങ്ങളും ഭൂഷണങ്ങളോടും കൂടി പൂ൪ണ്ണമായ സ്വരൂപത്തിലുള്ളവയാണ്. അവയെല്ലാംതന്നെ മനോഹരമായി ശിലയിൽ പണിതീ൪ത്ത ശില്പങ്ങളാണ്. മദ്ധ്യത്തിൽ നാഗവിഭൂഷിതനായ ശിവനും, നന്നാലു നാഗങ്ങൾ ശിവന്റെ ഇടത്തും വലത്തുമായി വൃത്താകൃതിയിൽ പീഠത്തിൽ പടിഞ്ഞാറഭിമുഖമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഈ നാഗത്തറയുടെ നി൪മ്മാണം പ്രകൃതിദത്തമായ പരമ്പരാഗത നി൪മ്മാണക്കൂട്ടുകൾ ഉപയോഗപ്പെടുത്തിയുള്ളതാണ്. ഇതാണ് ഈ കാവിന്റെ ഘടനാപരമായ സവിശേഷത.
പ്രതിഷ്ടാ സങ്കല്‍പം
ഈ പ്രതിഷ്ഠക്കുപിന്നിൽ ഒരു വിശാലമായ സങ്കൽപ്പമുണ്ട്. കേരളത്തിന്റെ നാഗഭൂമിയാണ് ഈ സങ്കേതം. ഇവിടുത്തെ ആരാധനകൊണ്ട് തൃപ്തരാവുന്നത് കേരളത്തിലെ മുഴുവൻ നാഗങ്ങളും, തൃപ്തരായ അവരുടെ അനുഗ്രഹവർഷംകൊണ്ട് ശമിക്കുന്നത് മുഴുവൻ കേരളീയരുടെ നാഗദോഷങ്ങളുമാണ്. ഈയൊരു സങ്കൽപ്പത്തിലാണ് ഇവിടുത്തെ പൂജകളും ക്രമീകരിച്ചിരിക്കുന്നത്.
ആചാരങ്ങള്‍
വാർഷികമായുള്ള പ്രത്യേകപൂജകൾ അനുസരിച്ച് രണ്ടുദിവസത്തെ നാഗരാജോത്സവം ഇവിടെ കൊണ്ടാടപ്പെടുന്നു. ആദ്യത്തെ ദിവസം നാഗസഹസ്രനാമജപത്താൽ മന്ത്രവീര്യമുണർത്തപ്പെട്ട നാഗേശ്വരകലശം നാഗേശ്വരനും അഷ്ടനാഗങ്ങൾക്കും അഭിഷേകം ചെയ്യുന്നു. തുടർന്ന് സന്ധ്യയോടെ സർവ്വനാഗങ്ങളുടേയും പ്രീതിക്കായി വിശേഷാൽ സർപ്പബലിയും നടത്തപ്പെടുന്നു. രണ്ടാമത്തെദിവസമാണ് ഏറെപ്രധാനപ്പെട്ട നാഗബലി, അതോടെ നാഗരാജോത്സവം സമാപിക്കുന്നു.
നാഗരാജോത്സവത്തിനുപുറമേ എല്ലാമാസത്തിലെ ആയില്യത്തിനും രാവിലെ ആയില്യംപൂജയും വൈകുന്നേരം സർപ്പബലിയും നടത്തുന്നു.