alternatetext

ശബരിമലയില്‍ ജഡ്ജിയെ തടഞ്ഞ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

alternatetext
Highcourt

കൊച്ചി : പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ജഡ്‌ജിയെ പോലീസ് അപമാനിച്ചത് തെറ്റായ നടപടിയാണ്. ഇക്കാര്യത്തില്‍ പോലീസിനെതിരെ സ്വമേധയാ കേസെടുക്കാതിരുന്നത് ജഡ‌്‌ജി നിര്‍ദ്ദേശിച്ചത് കൊണ്ടാണ്. അത് കോടതിയുടെ കഴിവ് കേടായി കരുതരുതെന്നും കോടതി വിമര്‍ശിച്ചു.

ശബരിമലയില്‍ പോലീസ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് വിമര്‍ശിച്ച കോടതി നാമജപം നടത്തുന്നവരെ നിയന്ത്രിക്കുന്നത് എന്തിനെന്നും ചോദിച്ചു. സ്വാമിയേ സ്ത്രീകളെ കയറ്റല്ലേ എന്നല്ലല്ലോ സ്വാമി ശരണം എന്നല്ലേ ഭക്തർ വിളിക്കുന്നത്. പിന്നെങ്ങനെ സുപ്രീം കോടതി വിധിക്ക് എതിരാകുമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു.

ശബരിമല കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ദര്‍ശനത്തിനെത്തിയ സിറ്റിംഗ് ജഡ്ജിയെ വരെ തടഞ്ഞു. കേസെടുക്കുമെന്നായപ്പോള്‍ പോലീസ് കരഞ്ഞ് മാപ്പ് പറഞ്ഞു. ശരണമന്ത്രം മുഴക്കുന്നത് നിരോധനാജ്ഞ ലംഘനമല്ലെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. നിരോധനാജ്ഞ ലംഘനമെന്ന് പറഞ്ഞ് നാമ ജപം തടയുകയും ചെയ്യുന്നു. ഇതെന്താണെന്നും കോടതി ചോദിച്ചു.
നവംബർ 11 ന് അന്നദാന കൗണ്ടറുകൾ പൂട്ടിയത് എന്തിനായിരുന്നു. ഇത് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം അനുബന്ധ ഉത്തരവുകൾ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. അതിന്റെ നിയമവശവും ആധാരമായ ഉന്നതകോടതി ഉത്തരവുകളും എതാണെന്ന് കോടതി ചോദിച്ചു.

കെഎസ്ആർടിസി 24 മണിക്കൂറും സർവീസ് നടത്തുമെന്ന് കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.