alternatetext

നവരാത്രി സവിശേഷതകൾ

നവരാത്രി വെറും ഒമ്പത് രാത്രികൾ മാത്രമല്ല
alternatetext

നവരാത്രി കാലം ഭാരതത്തിൽ എല്ലായിടത്തും ദേവി പൂജക്ക് പ്രാധാന്യം നൽകി ആചരിക്കുന്നു പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്.ബംഗാളിൽ കാളിയാണ് ആരാധനാ മൂർത്തി, കർണ്ണാടകത്തിൽ ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം. പല ഭാഗത്തും ആയുധ പൂജക്കാണ് പ്രാധാന്യം. കേരളത്തിൽ സരസ്വതി പൂജക്കാണ് പ്രാധാന്യം.

ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. വിദ്യാർഥികൾ മാത്രമല്ല ഏതു പ്രായത്തിലുള്ളവർക്കും മാതൃസ്വരൂപിയായ ദേവിയുടെ അനുഗ്രഹത്തിനായി ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്.ഒൻപതു ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്ന് വിധിയുണ്ട്. എല്ലാ ദിവസവും വ്രതം എടുക്കുവാൻ കഴിയാത്തവർ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളിൽ വ്രതം നോക്കണം. മഹാകാളി, മഹാലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ പൂജിക്കേണ്ടത് എങ്കിലും ഒൻപത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.

അമാവാസി നാൾ മുതൽ വ്രതം തുടങ്ങുന്നതും ഉത്തമം . രാവിലെ കുളി കഴിഞ്ഞ് ദേവീ ക്ഷേത്ര ദര്‍ശനം നടത്തണം. വിദേശങ്ങളിലുള്ളവർക്ക് ക്ഷേത്ര ദർശനത്തിന് സാധിക്കാതെ വന്നാൽ ഇക്കാലത്ത് പ്രഭാത സ്നാനത്തിനു ശേഷം ദേവിയെ ഭജിക്കുക .അരിയാഹാരം ദിവസവും ഒരു നേരം മാത്രമാക്കിയാൽ ഉത്തമം . പാൽ . നെയ്യ് , ഫലവർഗ്ഗങ്ങൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക . മത്സ്യ മാംസ ഭക്ഷണം ഉപേക്ഷിക്കുക. ബ്രഹ്മചര്യം പാലിക്കുക.

വിദ്യാർഥികളല്ലാത്തവര്‍ക്ക് മോക്ഷ പ്രാപ്തിക്കും ആത്മശത്രുനാശത്തിനും ദാരിദ്ര്യ ദുഃഖങ്ങൾ ഇല്ലാതാവാനും സര്‍വ്വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും എന്ന് വിശ്വസിക്കുന്നു.നവരാത്രി വ്രതകാലത്ത് സായം സന്ധ്യയിൽ സൗന്ദര്യ ലഹരിയിലെ ശ്ലോകങ്ങൾ, ലളിതാ സഹസ്ര നാമം, ദേവീ മാഹാത്മ്യം തുടങ്ങിയവ പാരായണം ചെയ്താൽ കുടുംബത്തിൽ ഐശ്വര്യം കുടിയിരിക്കുമെന്നാണ് വിശ്വാസം. ഒമ്പത് തിരിയിട്ട നിലവിളക്കിനു മുന്നിലിരുന്നു ജപിച്ചാൽ അത്യുത്തമം എന്നും വിശ്വസിച്ചു പോരുന്നു.

സർവ്വ വിദ്യയുടെയും അവിദ്യയുടെയും അധിപയും ത്രിമൂർത്തികൾക്കു പോലും ആരാധ്യയും ജഗത് മാതാവുമായ ദുർഗ്ഗയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ലക്ഷ്യമിടുന്നത്. ആർഷ ഭാരതത്തിൽ പൗരാണികകാലം മുതൽ ആഘോഷിക്കാറുള്ളതാണ് നവരാത്രി. അന്ധകാരത്തിൻ മേൽ ,ആസുരതയുടെ മേൽ ,അജ്ഞതയുടെമേൽ എല്ലാമുള്ള നന്മയുടെ,വിജയമായാണ് നവരാത്രിയായി ആഘോഷിച്ചു വരുന്നത്.

*പന്ത്രണ്ടു മാസങ്ങളിലെയും നവരാത്രികൾക്ക് *(ശുക്ലപക്ഷ ത്തിലെ പ്രഥമ മുതൽ ഒൻപതു രാത്രങ്ങൾ )* പ്രാധാന്യമുണ്ടെങ്കിലുംനാലെണ്ണമാണ് ഇപ്പോൾ ആഘോഷിക്കക്കാറുള്ളത്. ശാരദ നവരാത്രി (ശരത് ഋതു) , ചൈത്ര നവരാത്രി ( ചൈത്ര ഋതു) , ആഷാഢ നവരാത്രി(വർഷ ഋതു) , വസന്ത നവരാത്രി (വസന്ത ഋതു) എന്നിവയാണവ . അതിൽ ആഘോഷത്തിന്റെ പ്രധാന്യം കൊണ്ട് ഒന്നാമത്തേത് ശാരദ അഥവാ ശരത് നവരാത്രിയാണ്. ശൈത്യത്തിന്റെ ആരംഭമായ ശരത്ഋതുവിലാണ് (സെപ്റ്റംബർ – ഒക്ടോബർ ) ശരത് നവരാത്രി ആഘോഷിക്കുന്നത്.

ദുർഗ്ഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയ്ക്കായിട്ടാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയുടെ മിക്കഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ ബന്ദാസുരവധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.ബ്രഹ്മാണ്ഡത്തിലെ സർവ പ്രധാനമായ സത്തയുടെ രൂപത്തിൽ വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂർണ , സ്വതന്ത്ര, ആനന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളിൽ ആരാധിച്ചു പോരുന്നു.

നവരാത്രി പൂജാവിധിയിൽ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമതിഥി മുതൽ ഓരോ ദിവസവും ഓരോ പേരിൽ ദേവിയെ ആരാധിക്കുന്നു. “കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവി,ദുര്‍ഗ്ഗ,സുഭദ്ര” എന്നിവയാണ് ആ പേരുകൾ. രണ്ടു മുതൽ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ ഭാവനയോടെ ഈ വ്യത്യസ്ത പേരുകളിൽ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാൽ സംതൃപ്തരാക്കുന്നു.

ദേവിയെ വ്യത്യസ്ഥ നാമങ്ങളിൽ ആരാധിക്കുന്നതിന് വ്യത്യസ്ഥങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ.കേരളത്തിൽ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തിൽ പ്രാധാന്യം. ഈ ദിവസങ്ങളിൽ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിൽ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാൽ പൂജിക്കുന്നു.

ഗൃഹത്തിൽ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി അലങ്കരിച്ച് ദേവീ പൂജകൾ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാൻ കഴിവില്ലാത്തവർ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകൾ ചെയ്താലും മതി. ദക്ഷയാഗ ധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതു കൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും.പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്‌താൽ നവരാത്രിയുടെ സമ്പൂർണ ഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.

ശരത് നവരാത്രി കാലത്ത് പ്രകൃതി പോലും വളരെയധികം ശാന്തമാണ്. അത്യധികം ഉഷ്ണമോ ശീതമോ വര്‍ഷമോ വരള്‍ച്ചയോ ഈ ദിവസങ്ങളിൽ ഉണ്ടാകാറില്ല.കാരണം ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ് ഇവ. ഇക്കാലത്ത് രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച് ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്.നവരാത്രി സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.പ്രപഞ്ച കാരണിയായ മൂല പ്രകൃതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.

നവരാത്രി കാലത്ത് ഓരോ ദിവസവും ആരാധിക്കേണ്ട ദുർഗാ ചൈതന്യങ്ങൾ ഇപ്രകാരമാണ് .

പ്രഥമദിനം – മഹാശൈലപുത്രി

രണ്ടാം ദിനം – ബ്രഹ്മചാരിണീ

മൂന്നാം ദിനം: ദേവി ചന്ദ്രഘണ്ട

നാലാം ദിനത്തിൽ ദേവി കൂശ്മാണ്ഡ

അഞ്ചാം ദിനം – സ്കന്ദജനനീ

ആറാം ദിവസം ദേവി കാത്യായനി

ഏഴാം ദിവസം കാലരാത്രി പൂജ

എട്ടാം ദിനം മഹാഗൗരി

ഒമ്പതാം നാളിൽ ദേവി സിദ്ധിദാത്രി

അറിവ് ജീവിതത്തിലെ പൂണ്യമാണ്.