ക്ഷേത്രത്തിൽ പാൽപായസത്തിന് വഴിപാട് ശീട്ടാക്കിയ അമ്മയോട് കോളേജിൽ പഠിക്കുന്ന മകൻ ചോദിച്ചു…
ഭഗവാൻ പാൽപായസം കുടിക്കുമോ? എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? അമ്മ ഒന്നും പറഞ്ഞില്ല. ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ മകന് ഒരു സംസ്കൃത ശ്ലോകം എഴുതി കൊടുത്തു. കാണാതെ പഠിക്കാനും ആവശ്യപ്പെട്ടു. കുറച്ച് സമയം കൊണ്ട് അവൻ അത് മന:പാഠമാക്കി അമ്മയെ ചൊല്ലി കേൾപ്പിച്ചു. അപ്പോൾ അമ്മ ചോദിച്ചു.

കടലാസിൽ എഴുതിയത് നീ അതേ പോലെ പഠിച്ചു അല്ലേ?
അതേ
ഇപ്പോൾ ആ ശ്ലോകം നിൻ്റെ മനസ്സിൽ അല്ലേ ഉള്ളത്?
അതേ
അമ്മ ശ്ലോകം എഴുതിയിരുന്ന കടലാസ് എടുത്തു കൊണ്ടു ചോദിച്ചു.
ശ്ലോകം മുഴുവൻ നീ നിൻ്റെ മനസ്സിൽ ആക്കി എന്നു പറയുന്നു. എന്നിട്ടും ഈ ശ്ലോകം കടലാസ്സിൽ ഇപ്പോഴും ഉണ്ടല്ലോ. അതെങ്ങനെ ശരിയാവും?
അമ്മയുടെ ചോദ്യത്തിൻ്റെ പൊരുൾ മകന് പിടുത്തം കിട്ടിയില്ല.
അമ്മ തുടർന്നു. ” കടലാസിലുള്ള ശ്ലോകം സ്ഥൂലരൂപത്തിലുള്ളത് എന്ന് പറയാം. കടലാസിൽ നിന്നും നിൻ്റെ ഉള്ളിൽ പതിഞ്ഞതാകട്ടെ സൂക്ഷ്മ രൂപത്തിലും.
സ്ഥൂലരൂപത്തിനു മുന്നിൽ സ്ഥൂലരൂപത്തിൽ സമർപ്പിച്ച നിവേദ്യം സൂക്ഷ്മ രൂപത്തിൽ ഭഗവാൻ സ്വീകരിക്കുന്നു.
ഭഗവാന് നേദിച്ച പായസം പിന്നെ പായസമല്ല പ്രസാദമാണ്