
ഉഴുന്ന് വർജ്യം അതിനാൽ വട വൃക്ഷത്തിന്റെ മൊട്ടു മാല ആണ് ചാർത്തേണ്ടത് എന്ന് ഈ ഗ്രൂപ്പിൽ സംവാദം ഉണ്ടായി.
പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇത്തരത്തിൽ മെസ്സേജ് ഉണ്ടായിരുന്നു.
വടമാലയെ സംബന്ധിച്ച് ശ്രീ പ്രവീൺ നമ്പൂതിരി, ഒറ്റപ്പാലം., പറഞ്ഞ ഒരു ഓഡിയോ ക്ലിപ്പ് കേൾക്കാനിടയായി. അദ്ദേഹം പറഞ്ഞിരിക്കുന്നത് നോക്കുക.,
ഉഴുന്ന് ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തും ഉപയോഗിക്കാറില്ലെന്നൊക്കെ ആരാ പറഞ്ഞത്?
ഉഴുന്ന് വേവിച്ച് തേൻ ചേർത്ത് നിവേദിക്കുന്ന അമ്പലത്തിൽ ഞാൻ മൂന്ന് വർഷം മേൽശാന്തിയായിരുന്നു. ദൂരെയെങ്ങുമല്ല. നമ്മുടെ മാന്നാറിൽ.
വടക്കൻ പറവൂർ പെരുവാരം മഹാദേവ ക്ഷേത്രത്തിൽ നിത്യവും പാർവ്വതിക്ക് ഇരുന്നാഴി ഉഴുന്നിൻ്റെ വട (മാഷാപൂപം) നേദിക്കുന്നതായി കേട്ടിട്ടുണ്ട്.
നവഗ്രഹ പൂജാവിധികൾക്ക് ഉഴുന്നില്ലാതെ പൂജ ചെയ്യാനേ പറ്റില്ല.
മഹാശുദ്ധി ക്രിയകളുടെ ഭാഗമായ അവഗാഹം എന്ന ക്രിയക്ക് അവഗാഹക്കുറ്റി (പഞ്ജരം) പീഠത്തിൽ ഉറപ്പിക്കുന്നത് ഉഴുന്ന്മാവു കൊണ്ടാണ്.
ചേർത്തല വേളോർവട്ടം ശിവക്ഷേത്രത്തിൽ ഞാൻ മേൽശാന്തിയായിരിക്കെ ഈ ക്രിയക്ക് ഉഴുന്ന് മാവ് കൊണ്ട് അവഗാഹക്കുറ്റി പീഠത്തിൽ ഉറപ്പിച്ചത് ഞാനാണ്.
ഭഗവതിസേവയ്ക്ക് മാഷാപൂപം നേദിക്കുന്ന സമ്പ്രദായം തന്നെയുണ്ട്. തന്ത്രി പ്രമുഖന്മാരോട് ചോദിക്കാം. മാഷം എന്നാൽ ഉഴുന്ന് അപൂപം എന്നാൽ അപ്പം. ഇവിടെ അർത്ഥം ഉഴുന്നപ്പം എന്നല്ല. ഉഴുന്നുവട.
ഉത്സവങ്ങൾ മൂന്ന് തരം
ധ്വജാദി
അങ്കുരാദി
പടഹാദി
ഇതിൽ അങ്കുരാദി എന്നാൽ മുളയിടീൽ മുതൽ തുടങ്ങുന്നത്. മുളയിടുന്നതെന്താണ്? നവധാന്യങ്ങൾ.
നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, അമര
അതി സങ്കീർണമായ പ്രാണപ്രതിഷ്ഠാ കർമ്മങ്ങൾ പോലും നവധാന്യങ്ങൾ ഇല്ലാതെ നടത്താനേ പറ്റില്ല.
ക്ഷേത്ര നിർമ്മാണത്തിന് മുൻപ് സ്ഥല ശുദ്ധി ചെയ്യുന്നതിന് പല വിധികൾ പറയുന്നതിൽ ഒന്ന്, നവധാന്യങ്ങൾ മുളപ്പിച്ച പുതു നാമ്പുകൾ പശുവിനെക്കൊണ്ട് തീറ്റിച്ച് പശു അവിടെ ചാണകവും മൂത്രവും ഇടണം എന്നാണ്. അപ്പോഴും ഉഴുന്ന് ഒഴിവാക്കാൻ പറ്റില്ല.
ചുരുക്കിപ്പറഞ്ഞാൽ ക്ഷേത്രം നിർമ്മിക്കുന്നതിനു മുൻപ് തന്നെ ഉഴുന്ന് ഉൾപ്പെടുന്ന നവ ധാന്യങ്ങളുടെ ഉപയോഗം തുടങ്ങിക്കഴിഞ്ഞു.
അതുകൊണ്ട് തന്നെ
ക്ഷേത്രവിധികളിൽ ഉഴുന്ന് വർജ്യമാണെന്നൊക്കെ പറഞ്ഞാൽ അംഗീകരിക്കാനാവില്ല.