
പേട്ടയാരംഭിക്കുന്ന പേട്ടയിൽശാസ്താവിൻറെ അമ്പലത്തിനു മുന്നിലായി തലപ്പാറ മലയുടെ ഒരു ഭാഗം ദൃശ്യമാണ് . ഇവിടെ തൊഴുതതിനു ശേഷമാണ് പേട്ടതുള്ളൽ തുടങ്ങുന്നത് .
അയ്യപ്പൻ വധിച്ച കാട്ടെരുമയുടെ ഭീമാകാരമായ ശരീരം എവിടെ മറവു ചെയ്യുമെന്നതായിരുന്നു അടുത്ത പ്രശ്നം. ഇതിനു മുൻപ് പലപ്പോഴും കാട്ടുജാതിക്കാരുടെ കടുത്ത ആക്രമണത്തിൽ മൃതപ്രായമായ ആ ജീവിയെ മരിച്ചുവെന്ന് വിചാരിച്ച് കുഴിച്ചിടുകയും കുറേക്കഴിയുമ്പോൾ അത് മണ്ണിനടിയിൽ നിന്ന് കുതറി എഴുന്നേറ്റ് പായുകയും ചെയ്തിട്ടുണ്ട് .മരിച്ചാലും വീണ്ടും ജീവൻ വെച്ചെഴുന്നേറ്റ് വരുന്ന ഏതോ ദുഷ്ടശക്തി എരുമയുടെ രൂപം സ്വീകരിച്ചതാണെന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. ജനങ്ങളുടെ അവശേഷിക്കുന്ന ഭീതിയും അകറ്റുന്നതിനു വേണ്ടി ആ ജഢം അഴുതാമേടിൻറെ മുകളിലേക്ക് ചുമന്നു കൊണ്ടുവരുവാൻ അയ്യപ്പസ്വാമി ആവശ്യപ്പെട്ടു. അതനുസരിച്ച് ജനങ്ങൾ എല്ലാവരും ചേർന്ന് ആ ഭീമാകാരമായ ശരീരം ചുമന്ന് മുകളിലെത്തിച്ചതിന് ശേഷം അയ്യപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം അഴുതാമേടിൻറെ വലതു വശമുള്ള അഗാധമായ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് സ്വാമിയുടെ നിർദ്ദേശപ്രകാരം തന്നെ താഴെയുള്ള അഴുതാനദിയിൽ നിന്ന് കൂറ്റൻ പാറക്കല്ലുകൾ ചുമന്ന് കൊണ്ടുവന്ന് ആ കൊക്കയിലിട്ട് അത് ഏറെക്കുറെ നികത്തി . ഇനി ഒരുപക്ഷെ ജനങ്ങളുടെ വിശ്വാസപ്രകാരം ആ എരുമക്ക് ജീവൻ വച്ചുവെന്ന് കരുതിയാലും ആ നികന്നകൊക്കയിൽ നിന്ന് എഴുന്നേറ്റ് വരുക അസംഭവ്യമാണല്ലൊ.
ജനങ്ങളുടെ മനസ്സിൽ ഒരുതരി പോലും ഭീതി അവശേഷിയ്ക്കാതിരിയ്ക്കാൻ വേണ്ടിയാണ് ആശ്രിതവത്സലനായ മണികണ്ഠസ്വാമി ഇങ്ങനെ ചെയ്യിച്ചത്. അന്ന് ആ കിടങ്ങ് നികത്തുവാൻ വേണ്ടി അഴുതാനദിയിൽ നിന്ന് കൂറ്റൻ പാറക്കഷ്ണങ്ങൾ ചുമന്നുകൊണ്ടുവന്ന ചരിത്ര സംഭവത്തിൻറെ അനുസ്മരണമായി കാലം സൂക്ഷിച്ചുവെച്ച ഒരാചാരമാണ് അഴുതനദിയിൽ മുങ്ങി കല്ലെടുത്തുകൊണ്ടുവന്ന് അഴുതമേട്ടിലുള്ള കല്ലിടാംകുന്നിൽ നിന്ന് വലിച്ചെറിയുന്ന ചടങ്ങായിമാറിയത് .
ഒരു പക്ഷേ പിന്നീടതു വഴി പോയിരുന്ന കാട്ടുജാതിക്കാരെല്ലാം അവിടെയെത്തുമ്പോൾ ആ കൊക്കയിലേക്ക് ഒരു പാറക്കഷ്ണം വലിച്ചെറിഞ്ഞ് തൃപ്തിയടയുന്ന പതിവ് പിന്നീടൊരു ചടങ്ങായി മാറിയതും ആവാം.ഏതായാലും ഇന്ന് കാനാന പാതവഴി ശബരിമലക്ക് നടന്ന് പോകുന്ന ഭക്തരെല്ലാം അഴുതയിൽ നിന്ന് കല്ലെടുത്ത് കല്ലിടാംകുന്നിൽ നിക്ഷേപിച്ച് കർപ്പൂരം കത്തിച്ച് വന്ദിച്ച ശേഷമാണ് യാത്ര തുടരുന്നത്.