alternatetext

സെന്‍‌കുമാറിനെതിരെ പ്രതികാര നടപടി തുടര്‍ന്ന് സര്‍ക്കാര്‍

alternatetext
T P Senkumar

തിരുവനന്തപുരം : മുന്‍ പോലീസ് മേധാവി ടി. പി.സെന്‍‌കുമാറിനെതിരെ പ്രതികാര നടപടി തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാന്‍ സെന്‍‌കുമാര്‍ ശ്രമിച്ചുവെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ തന്റെ നിയമനം സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനുള്ള മറുപടിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര നടപടി. സെന്‍കുമാര്‍ നിയമനങ്ങള്‍ക്ക് യോഗ്യനല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ചാരക്കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് ഉത്തരവ് വാങ്ങിയെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.

നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് നമ്പി നാരായണനെതിരെയുള്ള ചാരക്കേസ് പുനരന്വേഷിക്കാന്‍ നിയോഗിച്ചത് സെന്‍ കുമാറിനേയാണ്. പിന്നീട് സുപ്രീംകോടതി ഉത്തരവുമൂലം തുരന്വേഷണം ഉണ്ടായില്ല. നയനാര്‍ സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ചാരക്കേസിന്റെ അന്വേഷണം താന്‍ ഏറ്റെടുത്തതെന്നും, തന്റെ പേരില്‍ ഇതിനുമുമ്പ് ചുമത്തപ്പെട്ട കള്ളക്കേസുകള്‍ പോലെ തന്നെ ഇതിനേയും പ്രതിരോധിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

അതേസമയം നിലവിലെ കേസുകള്‍ക്കായി ചെലവഴിക്കുന്നത് സര്‍ക്കാര്‍ ഫണ്ടാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ചാരക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണയന്‍ നല്‍കിയ ഹര്‍ജിയില്‍ ഏഴാം കക്ഷിയായി ചേര്‍ത്തിരിക്കുന്നത് സെന്‍കുമാറിനേയാണ്.